Tuesday 20 March 2012

വിരമിക്കല്‍ നിങ്ങള്‍ക്ക്‌ മാത്രം..!!

കേരള സര്‍ക്കാര്‍  ബജറ്റില്‍ പെന്‍ഷന്‍ പ്രായം 56  ആയി ഉയര്‍ത്തിയതിനു എതിരായി ഇടതു പക്ഷ യുവ MLA മാര്‍ ഇന്നലെയും ഇന്നും ഉയര്‍ത്തിയ പ്രതിഷേധം കേരളത്തിലെ തൊഴില്‍രഹിത യുവാക്കളെ കോരിത്തരിപ്പിക്കുന്നതായിരുന്നു...  ഇന്നലെ  നടുത്തളത്തിലേക്ക് ചാടിയിറങ്ങി ആക്രോശിച്ചും, മുദ്രാവാക്യം വിളിച്ചും പ്രധിഷേധിച്ചതിലും ഇന്ന് സെക്രട്ടേറിയേറ്റ് ഉപരോധിച്ചതിലും  എന്താ തെറ്റ് അല്ലെ ??

ശൈശവം  1 - 3 വയസ്സ്
ബാല്യം      4 - 12 വയസ്സ്
കൗമാരം   13 - 19 വയസ്സ്
യൗവനം   20 - 39 വയസ്സ്
മധ്യവയസ്സു  40 - 59  വയസ്സ്
വാര്‍ധക്യം 60 മുതല്‍  എന്നാണല്ലോ .

ലോകത്തിലേക്ക്‌ തന്നെ ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ ഉള്ള രാജ്യമായ ഇന്ത്യയില്‍ ഭരണകര്‍ത്താക്കളുടെ പ്രായം ഇങ്ങനെ :

  പ്രസിഡണ്ട്                     77  വയസ്സ്
 പ്രധാനമന്ത്രി                   79 വയസ്സ്
 കേരള മുഖ്യമന്ത്രി         68 വയസ്സ്
 ധനമന്ത്രി                           78 വയസ്സ്
 പ്രതിപക്ഷനേതാവ്     88  വയസ്സ്
 പ്രതിഷേധിച്ച  യുവ പ്രതിപക്ഷ  MLA മാരുടെ പ്രായം 38  ഉം, 43  ഉം..

അപ്പോള്‍ വൃദ്ധന്മാര്‍ ഭരിക്കുന്ന ഈ നാട്ടില്‍ എങ്ങനെയാണ് യുവാക്കള്‍ക്ക് നീതി ലഭിക്കുക ?  എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വൃദ്ധന്മാര്‍ അധികാരം കൈയടക്കി വച്ചിരിക്കുകയല്ലേ ? അതും പോരാഞ്ഞു മക്കള്‍ രാഷ്ട്രീയവും! യുവാക്കള്‍ക്ക് രാഷ്ട്രനിര്‍മ്മാണത്തില്‍  പങ്കൊന്നും വേണ്ടേ ?? ഇന്ന് നിയമസഭയിലും റോഡിലും പ്രതിഷേധിക്കുന്നവര്‍ നാളെ സ്വന്തം നേതാക്കന്മാര്‍ക്കെതിരായി സമരം തുടങ്ങുമല്ലോ അല്ലെ??

പരസഹായത്തോട് കൂടി മാത്രം നടക്കുന്ന ചില  നേതാക്കന്മാര്‍ യുവാക്കളുടെ രാജ്യത്തെ നയിക്കുന്നത് വിരോധാഭാസം അല്ലെ ? 70 വയസ്സ് കഴിഞ്ഞ പടുവൃദ്ധന്മാരെ ഒഴിവാകി  രാജ്യത്തിന് ചെറുപ്പത്തിന്‍റെ മുഖം നല്‍കാന്‍ എത്ര പാര്‍ട്ടികള്‍ തയ്യാറാവും ??

രാഷ്ട്രീയത്തില്‍ 70  വയസ്സെങ്കിലും വിരമിക്കല്‍ പ്രായം ആക്കാതെ ജീവനക്കാരുടെ  56  വയസ്സിനെതിരെ സമരം ചെയ്യാന്‍ നാണമില്ലേ സഖാക്കളെ ? രാഷ്ട്രീയക്കാര്‍ക്കെതിരെ ഒരു ജനമുന്നേറ്റം ഉണ്ടാവാതെ അവരാരും 70 വയസ്സില്‍  പോലും വിരമിക്കാന്‍ തയാറാവില്ല എന്നതാണ് പച്ചപ്പരമാര്‍ത്ഥം   !!

Sunday 18 March 2012

കേരളം കണ്ടതും കേട്ടതും...

ഹോ എന്തൊരു ആശ്വാസം !!! കുറെ നാളുകളായി എന്തൊരു ബഹളമായിരുന്നു?? കേരളക്കരയില്‍ സോമാലിയാക്കാരെ "ഹണ്ടിംഗ്' നടത്തിയ ഇറ്റലിക്കാരും, അവരെ പാര്‍പ്പിച്ചു, തീറ്റിച്ചു, സംരക്ഷിച്ച കേരളപ്പോലീസും, പിസാ വാങ്ങിച്ചോണ്ട് വന്ന ഇറ്റാലിയന്‍ മന്ത്രിയും, അങ്ങേരുടെ 'ജയിലുവേണ്ട റസ്റ്റ്‌ഹൗസ് മതിയെന്ന്' പറഞ്ഞുള്ള സമരവും ഒക്കെ കണ്ടപ്പോള്‍  'നാവികനായാല്‍ മതിയെന്ന്' വരെ തീരുമാനിച്ച മലയാളി; സ്വന്തം നാട്ടുകാരുടെ നെഞ്ജതുകൂടെ കപ്പലോടിച്ചു കേറ്റിയ 'നിസ്സാര' കുറ്റത്തിന്  കടലില്‍ എറിയപ്പെട്ട ( ചാടിയ ) മലയാളിയുടെ കഥ കേട്ടപ്പോള്‍ ആ തീരുമാനം അങ്ങ് പിന്‍വലിച്ചു..

അതിന്‍റെ ഇടയ്ക്കു പിറവം  തിരഞ്ഞെടുപ്പും; ചാനലുകളില്‍ നേര്‍ക്കുനേരും, വോട്ടുകവലയും, ഇലെക്ഷന്‍ എക്സ്പ്രസ്സും എന്നുവേണ്ട 'കലക്കവെള്ളത്തില്‍ മീന്‍പിടിക്കല്‍' എന്ന നാടന്‍ കലാരൂപം വിവിധ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചത് ജനം കൊതിയോടെ വീക്ഷിച്ചു ... എല്ലാത്തിനും മേമ്പൊടിയായി അച്ചുമാമന്‍റെ 'അഭിസാരിക' പ്രയോഗവും,സെല്‍വരാജിന്‍റെ മുഹൂര്‍ത്തം നോക്കിയുള്ള പൂഴിക്കടകനും കണ്ടു കേരളക്കരയാകെ ത്രസിച്ചു പോയി..

ഇലക്ഷന് വെയിലും ചൂടേറ്റു , വായിലെ വെള്ളം വറ്റിച്ച രാഷ്ട്രീയക്കാര്‍  വിശ്രമതിലായിരിക്കുമോ??  അതോ പണിയെടുക്കുന്നതിന്‍റെ ക്ഷീണം   വീക്കെന്റ്റില്‍ nightout നടത്തി നൈറ്റ്ക്ലബ്ബിലും, പബിലും ആഘോഷിക്കുന്ന ഐടി കുട്ടന്മാരെ പോലെ ആഘോഷിക്കുവാണോ  ആവോ??

സ്ഥാനാര്‍ഥികള്‍ എന്തായാലും പള്ളികളായ പള്ളികളിലും അമ്പലങ്ങളിലും നേര്‍ച്ച ഇടാനുള്ള  ഓട്ടതിലായിരിക്കുമല്ലോ... 

Saturday 11 February 2012

എളൂര്‍ അഥവാ ഉഴവൂര്‍


റബ്ബര്‍ മരങ്ങള്‍ തണല്‍ വിരിക്കുന്ന നാട്ടുവഴികളും, അതിവേഗം ബഹുദൂരം (ശ്രമിച്ചാല്‍) കുതിക്കാവുന്ന ഹൈവേകളും ഉള്ള മദ്ധ്യ(ദ്യ) തിരുവിതാംകൂറിലെ ഒരു കൊച്ചു ഗ്രാമം - എളൂര്‍

ഞങ്ങളെ അത്ര കൊച്ചാക്കാമെന്നാരും കരുതേണ്ട, 'തിളങ്ങുന്ന' ഇന്ത്യക്ക് മലയാളക്കരയില്‍ നിന്ന് ഒരു രാഷ്ട്രപതിയെ സംഭാവന ചെയ്തതും എളൂര്‍ അഥവാ ഉഴവൂര്‍ തന്നെയാണ്. പക്ഷെ അതിന്‍റെ ജാടയൊന്നും ഞങ്ങള്‍ക്ക് ലവലേശമില്ല കേട്ടോ. 'ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടിയായ' അരുന്ധതി റോയിയുടെ ബുക്കര്‍ പ്രൈസ് നേടിയ പുസ്തകത്തിലും എളൂര്‍ എന്നേ ഇടം പിടിച്ചതാ! ഭാരതത്തിനു ആദ്യത്തെ ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത ഷൂട്ടിംഗ് കോച്ച്‌ പ്രഫ: സണ്ണി തോമസും ഉഴവൂര്‍ നിവാസി ആണ്.

ലോകത്തിന്‍റെ നാനാഭാഗത്തേക്കും ആതുരശുശ്രൂഷയുടെ മാലാഖമാരായ നേഴ്സുമാരെ സംഭാവന ചെയ്തവരാ ഞങ്ങള്‍! ലോകത്തിന്‍റെ ഏതു മുക്കിലും മൂലയിലും ഞങ്ങളുണ്ടാവും. എളൂര്‍ എന്ന വികാരം ഞങ്ങളോരോരുത്തരുടെയും സിരകളില്‍ നിറഞ്ഞു നില്പുണ്ട്. അതിനാല്‍ത്തന്നെ പ്രവാസികളായ എളൂര്‍ക്കാരെല്ലാം നാട്ടില്‍ ഒരു പിടി മണ്ണ് മോഹവിലക്കു സ്വന്തമാക്കാനുള്ള മത്സരത്തിലുമാണ്.

എളൂരിലെ നാനാജാതി മതസ്ഥര്‍ക്കും അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു, തല ഉയര്‍ത്തി നില്‍ക്കുന്ന വി: എസ്തപ്പാനോസ്സിന്‍റെ നാമത്തിലുള്ള ദേവാലയവും അതിനെ അഭിമുഖീകരിച്ചു കൊണ്ട് കുന്നിന്‍പുറത്തുള്ള കോളേജും ഓരോ എളൂര്‍ക്കാരനെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതത്തിന്‍റെ പ്രഥമപൗരന്‍ പഠിച്ച പള്ളിക്കൂടവും ഓടിക്കളിച്ച മൈതാനവും ഇന്നും എളൂരിന്‍റെ മുഖശ്രീ ആണ്.

ഒരേ ഒരു വാചകത്തിലൂടെ കേരളനിയമസഭയുടെ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ  നേടിയ യശ:ശരീരനായ ശ്രീ ജോസഫ്‌ ചാഴികാടന്‍ MLA യുടെ ശ്രമഫലമായി അനുവദിച്ച St.Stephen's കോളേജു, കല്ലും മണ്ണും ചുമന്നു കെട്ടിപ്പൊക്കിയ കാര്‍ന്നോന്മാരാണ് ഇന്നീ കാണുന്ന സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും അടിത്തറ.

പറഞ്ഞു വന്നതെന്താണെന്നുവച്ചാല്‍ എളൂര്‍ക്കാരെ വെല്ലാന്‍ എളൂര്‍ക്കാര്‍ മാത്രമേയുള്ളൂ എന്ന ചെറിയ ധാര്‍ഷ്ട്യം ഞങ്ങള്‍ക്കുണ്ടോയെന്നു നിങ്ങള്‍ വെറുതെ സംശയിക്കരുത്. അല്പം റബ്ബറും, ഡോളറിന്‍റെയും. പൗണ്ടിന്‍റെയും, ദിര്‍ഹത്തിന്‍റെയുമൊക്കെ ചെറിയ പുളപ്പും ഞങ്ങള്‍ കാണിക്കാതില്ലാതില്ല. തെറ്റിദ്ധരിക്കരുത്, മൈലാഞ്ചിയിടീലും, ചന്തംചാര്‍ത്തലും മാത്രമേ ഞങ്ങളെ 'ലഹരി' പിടിപ്പിക്കാറൊള്ളൂ.

അപ്പോള്‍ ഏതൊരു നാടിനെയും പോലെ പള്ളിയും, പള്ളിക്കൂടങ്ങളും, അമ്പലങ്ങളും, കോളേജും, 'ബിവറേജും' ആണ് എളൂരിന്‍റെയും പ്രത്യേകത!!