Saturday 11 February 2012

എളൂര്‍ അഥവാ ഉഴവൂര്‍


റബ്ബര്‍ മരങ്ങള്‍ തണല്‍ വിരിക്കുന്ന നാട്ടുവഴികളും, അതിവേഗം ബഹുദൂരം (ശ്രമിച്ചാല്‍) കുതിക്കാവുന്ന ഹൈവേകളും ഉള്ള മദ്ധ്യ(ദ്യ) തിരുവിതാംകൂറിലെ ഒരു കൊച്ചു ഗ്രാമം - എളൂര്‍

ഞങ്ങളെ അത്ര കൊച്ചാക്കാമെന്നാരും കരുതേണ്ട, 'തിളങ്ങുന്ന' ഇന്ത്യക്ക് മലയാളക്കരയില്‍ നിന്ന് ഒരു രാഷ്ട്രപതിയെ സംഭാവന ചെയ്തതും എളൂര്‍ അഥവാ ഉഴവൂര്‍ തന്നെയാണ്. പക്ഷെ അതിന്‍റെ ജാടയൊന്നും ഞങ്ങള്‍ക്ക് ലവലേശമില്ല കേട്ടോ. 'ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടിയായ' അരുന്ധതി റോയിയുടെ ബുക്കര്‍ പ്രൈസ് നേടിയ പുസ്തകത്തിലും എളൂര്‍ എന്നേ ഇടം പിടിച്ചതാ! ഭാരതത്തിനു ആദ്യത്തെ ഒളിമ്പിക് സ്വര്‍ണം നേടിക്കൊടുത്ത ഷൂട്ടിംഗ് കോച്ച്‌ പ്രഫ: സണ്ണി തോമസും ഉഴവൂര്‍ നിവാസി ആണ്.

ലോകത്തിന്‍റെ നാനാഭാഗത്തേക്കും ആതുരശുശ്രൂഷയുടെ മാലാഖമാരായ നേഴ്സുമാരെ സംഭാവന ചെയ്തവരാ ഞങ്ങള്‍! ലോകത്തിന്‍റെ ഏതു മുക്കിലും മൂലയിലും ഞങ്ങളുണ്ടാവും. എളൂര്‍ എന്ന വികാരം ഞങ്ങളോരോരുത്തരുടെയും സിരകളില്‍ നിറഞ്ഞു നില്പുണ്ട്. അതിനാല്‍ത്തന്നെ പ്രവാസികളായ എളൂര്‍ക്കാരെല്ലാം നാട്ടില്‍ ഒരു പിടി മണ്ണ് മോഹവിലക്കു സ്വന്തമാക്കാനുള്ള മത്സരത്തിലുമാണ്.

എളൂരിലെ നാനാജാതി മതസ്ഥര്‍ക്കും അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു, തല ഉയര്‍ത്തി നില്‍ക്കുന്ന വി: എസ്തപ്പാനോസ്സിന്‍റെ നാമത്തിലുള്ള ദേവാലയവും അതിനെ അഭിമുഖീകരിച്ചു കൊണ്ട് കുന്നിന്‍പുറത്തുള്ള കോളേജും ഓരോ എളൂര്‍ക്കാരനെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതത്തിന്‍റെ പ്രഥമപൗരന്‍ പഠിച്ച പള്ളിക്കൂടവും ഓടിക്കളിച്ച മൈതാനവും ഇന്നും എളൂരിന്‍റെ മുഖശ്രീ ആണ്.

ഒരേ ഒരു വാചകത്തിലൂടെ കേരളനിയമസഭയുടെ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ  നേടിയ യശ:ശരീരനായ ശ്രീ ജോസഫ്‌ ചാഴികാടന്‍ MLA യുടെ ശ്രമഫലമായി അനുവദിച്ച St.Stephen's കോളേജു, കല്ലും മണ്ണും ചുമന്നു കെട്ടിപ്പൊക്കിയ കാര്‍ന്നോന്മാരാണ് ഇന്നീ കാണുന്ന സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും അടിത്തറ.

പറഞ്ഞു വന്നതെന്താണെന്നുവച്ചാല്‍ എളൂര്‍ക്കാരെ വെല്ലാന്‍ എളൂര്‍ക്കാര്‍ മാത്രമേയുള്ളൂ എന്ന ചെറിയ ധാര്‍ഷ്ട്യം ഞങ്ങള്‍ക്കുണ്ടോയെന്നു നിങ്ങള്‍ വെറുതെ സംശയിക്കരുത്. അല്പം റബ്ബറും, ഡോളറിന്‍റെയും. പൗണ്ടിന്‍റെയും, ദിര്‍ഹത്തിന്‍റെയുമൊക്കെ ചെറിയ പുളപ്പും ഞങ്ങള്‍ കാണിക്കാതില്ലാതില്ല. തെറ്റിദ്ധരിക്കരുത്, മൈലാഞ്ചിയിടീലും, ചന്തംചാര്‍ത്തലും മാത്രമേ ഞങ്ങളെ 'ലഹരി' പിടിപ്പിക്കാറൊള്ളൂ.

അപ്പോള്‍ ഏതൊരു നാടിനെയും പോലെ പള്ളിയും, പള്ളിക്കൂടങ്ങളും, അമ്പലങ്ങളും, കോളേജും, 'ബിവറേജും' ആണ് എളൂരിന്‍റെയും പ്രത്യേകത!!